Verification: ce991c98f858ff30

കാല് മാറി ശസ്ത്രക്രിയ: ഡോക്ടർക്ക് പിഴവ് പറ്റിയെന്ന് പ്രാഥമിക റിപ്പോർട്ട്

കോഴിക്കോട്: കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലില്‍ കാലുമാറി ശസത്രക്രിയ ചെയ്ത സംഭവത്തില്‍ ആരോഗ്യവകുപ്പിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി.ഓര്‍ത്തോ വിഭാഗം മേധാവി ഡോക്ടര്‍ പി ബെഹിര്‍ഷാന് പിഴവ് ഉണ്ടായി എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.അഡീഷണല്‍ ഡിഎംഒ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി.സംഭവത്തിൽ വിശദമായി അന്വേഷണം ആവശ്യമാണെന്ന് എഡിഎംഒയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.ഈ സാഹചര്യത്തിൽ വിദഗ്ധ വൈദ്യ സംഘം കൂടുതൽ പരിശോധന നടത്തും.തിങ്കളാഴ്ച ആശുപത്രി അധികൃതരെ ഉൾപ്പടെ വിളിച്ചുവരുത്തി തെളിവെടുക്കും. ആരോഗ്യമന്ത്രി വീണാ ജോർജ്ജിൻ്റെ നിർദ്ദേശ പ്രകാരമാണ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയത്.പരാതി വന്ന ദിവസം ആശുപത്രി മാനേജ്മെന്‍റുമായി നടത്തിയ ചർച്ചയുടെ ദൃശ്യങ്ങളിൽ ബഹിർഷാൻ തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നുണ്ടെന്ന് ശസ്ത്രക്രിയക്ക് വിധേയയായ സജ്നയുടെ കുടുംബം ആരോപിക്കുന്നുണ്ട്. ഈ ദൃശ്യങ്ങൾ കുടുംബം പുറത്തുവിട്ടിട്ടുണ്ട്.ഡോക്ടറുടെ പിഴവ് മറയ്ക്കാൻ ചികിത്സാ രേഖകളെല്ലാം ആശുപത്രി മാനേജ്മെന്‍റ് തിരുത്തിയെന്ന പരാതിയും കുടുംബം ആവർത്തിക്കുന്നു.അശ്രദ്ധമായ ചികിത്സയ്ക്ക് നിസ്സാര വകുപ്പ് ചുമത്തിയാണ് ഡോ ബെഹിർഷാനെതിരെ നടക്കാവ് പോലീസ് ഇന്നലെ കേസെടുത്തത്.തുടർ അന്വേഷണത്തിൽ മാത്രമാണ് കൂടുതൽ വകുപ്പുകൾ ചേർക്കുക. അഡീഷണൽ ഡിഎംഒയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ചികിത്സാ പിഴവ് ശരിവെക്കുന്ന സാഹചര്യത്തിൽ പോലീസ് വിഷയത്തിൽ കൂടുതൽ ഗുരുതരമായ വകുപ്പ് ചുമത്തേണ്ടി വരും. 
Leave A Reply

Your email address will not be published.