KERALA NEWS TODAY – കാക്കനാട്: തൃക്കാക്കരയില്‍ ടയര്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 6900 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി.
ഉണിച്ചിറ ജങ്ഷനില്‍ കുമ്മഞ്ചേരി ആര്‍ക്കേഡ് കെട്ടിടത്തില്‍നിന്നാണ് കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടിച്ചത്.
സംഭവത്തില്‍ ഗോഡൗണ്‍ ജീവനക്കാരനായ കായംകുളം കൃഷ്ണപുരം സ്വദേശി അനില്‍ഭവനില്‍ അജിത് കുമാറി (29) നെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.
മൂന്നു വര്‍ഷമായി പഴയ ടയര്‍ ഗോഡൗണിന്റെ മറവില്‍ സ്പിരിറ്റ് കച്ചവടം നടത്തിവരികയായിരുന്നു. 35 ലിറ്റര്‍ കൊള്ളുന്ന 209 കന്നാസുകളിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ സ്ഥാപന ഉടമ കായംകുളം സ്വദേശി അഖില്‍ തട്ടാരമ്പലം ഒളിവിലാണ്.
മാസം അന്‍പതിനായിരം രൂപയ്ക്ക് മൂന്നു വര്‍ഷം മുന്‍പാണ് അഖില്‍ കെട്ടിടം വാടകയ്‌ക്കെടുത്ത്.
ഗോഡൗണിലെ മൂന്ന് അറയുള്ള ഷെല്‍ഫിന്റെ നടുവിലെ ഭാഗം തുറന്നാണ് രഹസ്യ അറയിലേക്ക് പ്രവേശിച്ചിരുന്നത്.
സ്പിരിറ്റ് നിറച്ച കന്നാസുകള്‍ ഉമി നിറച്ച ചാക്കുകള്‍ക്കിടയില്‍ െവച്ചായിരുന്നു വാഹനങ്ങളില്‍ കടത്തിയത്.
സമീപത്തെ കടക്കാര്‍ക്ക് പോലും സംശയത്തിനിട നല്‍കാതെയായിരുന്നു ഇവരുടെ ഇടപാടുകള്‍. ദിവസേന വാഹനങ്ങള്‍ വന്നുപോകാറുണ്ടെങ്കിലും ഇതില്‍ പഴയ ടയറുകളും ചാക്കുകളും നിറച്ചാണ് കണ്ടിരുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു.