Verification: ce991c98f858ff30

പാരസെറ്റാമോൾ ഉൾപ്പെടെ 55 മരുന്നുകൾക്ക് കൂടി വില കുറയും.

KERALA NEWS TODAY – അവശ്യമരുന്നുവിലയിൽ അടുത്തിടെയുണ്ടായ വിലക്കയറ്റത്തിന്റെ കാഠിന്യം കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്ന് ദേശീയ ഔഷധവിലനിയന്ത്രണ സമിതി.

ഇത്തവണ 55 ഇനങ്ങളുടെ വിലയാണ് കുറച്ചത്. ഇതോടെ രണ്ടുമാസത്തിനിടെ വിലക്കുറവുവരുത്തിയ മരുന്നിനങ്ങളുടെ എണ്ണം 409 ആയി.

ഏറക്കുറെ സമാന ചേരുവകളുമായി പല ബ്രാൻഡ് പേരുകളിൽ ഒരേ നിർമാതാക്കൾ പുറത്തിറക്കുന്ന മരുന്നുകളുടെ കാര്യത്തിലും ഇടപെടലുണ്ട്.

ഇത്തരം മരുന്നുകൾക്ക് തമ്മിൽ വലിയ വില വ്യത്യാസമുള്ളതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.

ഒരേ കമ്പനിയുടെ ഒരേയിനം മരുന്നുകളിൽ ഏറ്റവും വിലക്കുറവുള്ളതിന്റെ പത്തുശതമാനത്തിലധികം വില മറ്റുമരുന്നുകൾക്ക് ഈടാക്കരുതെന്നാണ് പുതിയ നിബന്ധന.

എല്ലാവർഷവും മൊത്തവ്യാപാര വില സൂചികപ്രകാരമുള്ള വിലമാറ്റത്തിന് ഇവയ്ക്ക് അനുമതിയുണ്ട്.

പുതിയതായി വില കുറച്ച മരുന്നുകളിൽ അർബുദത്തിനുള്ള ജെഫിറ്റിനിബ് 250mg ഗുളിക, റിത്തക്‌സിമാബ് കുത്തിവെപ്പ് മരുന്ന്, പ്രസവസമയത്തെ രക്തസ്രാവം നിയന്ത്രിക്കുന്ന ഓക്‌സിടോസിൻ കുത്തിവെപ്പ് മരുന്ന് എന്നിവ കൂടാതെ പാരസെറ്റോമോൾ, അസിത്രോമൈസിൻ, കെറ്റമിൻ, ട്രമഡോൾ, സെഫിക്‌സൈം തുടങ്ങിയവയൊക്കെ ഉൾപ്പെടുന്നു.

ജെഫിറ്റിനിബിന് 475.9 രൂപയിൽനിന്ന്‌ 211.49 രൂപയായാണ് കുറവ്. റിത്തക്‌സിമാബ് വില 842.18-ൽനിന്ന് 679.41 ആയാണ് മാറുക. ഓക്‌സിടോസിനാകട്ടെ 19.59-ൽനിന്ന് 15.91 രൂപയായി മാറും.

മൊത്തവ്യാപാരവില സൂചികയിലെ കുതിപ്പുകാരണം കഴിഞ്ഞ ഏപ്രിൽമുതൽ അവശ്യമരുന്നുവില പത്തരശതമാനം കൂടിയിരുന്നു.

ആവശ്യകതയും വിറ്റുവരവും കണക്കാക്കി വില പുനർനിർണയിക്കാമെന്ന നിബന്ധനയാണ് സർക്കാർ ഇതിനെ മറികടക്കാനായി ഉപയോഗിക്കുന്നത്.

വില കുറയ്ക്കുന്നതിനെതിരേ നിർമാതാക്കളിൽനിന്ന്‌ നാളിതുവരെ 792 പരാതികൾ സമിതിക്ക് മുന്നിലെത്തിയിട്ടുമുണ്ട്.

Leave A Reply

Your email address will not be published.