Kerala News Today-കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പോലീസ് പിടികൂടി.
സംഭവത്തിൽ ഒരു യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്ന് എത്തിയ കാസർഗോഡ് സ്വദേശി ഷഹല(19) ആണ് പോലീസ് പിടിയിലായത്.
അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് 1,884 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ് പോലീസ് പിടികൂടിയത്.
മൂന്ന് പാക്കറ്റുകളാക്കി സ്വർണം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ ഒരു കോടി രൂപ വിലവരും പിടിച്ചെടുത്ത സ്വർണത്തിന്. ഞായറാഴ്ച രാത്രി പത്തരക്ക് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സപ്രസിലാണ് യുവതി എത്തിയത്.
കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിയോടെ വിമാനത്താവളത്തിന് പുറത്തെത്തിയ യുവതിയെ, രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മണിക്കൂറുകളോളം ചോദ്യം ചെയ്തുവെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുന്ന മറുപടികളായിരുന്നു യുവതിയുടെ പക്കൽ നിന്ന് ലഭിച്ചത്. തുടർന്ന് ലഗേജ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇതിലും പോലീസിന് ഒന്നും കണ്ടെത്താൻ സാധിച്ചില്ല.
ശേഷം യുവതിയുടെ ദേഹപരിശോധനയിൽ, അടിവസ്ത്രത്തിനുള്ളിൽ മൂന്ന് പാക്കറ്റുകളിലായി വിദഗ്ദമായി തുന്നിച്ചേർത്ത് ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു.
Kerala News Today Highlight – Smuggling of gold; 19-year-old girl arrested in Karipur