ദുബായ്: ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മലയാളി ദമ്പതികൾ അടക്കം 16 പേർ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടൻ റിജേഷ്(38), ഭാര്യ കണ്ടമംഗലത്ത് ജിഷി(32) എന്നിവരാണ് മരിച്ച മലയാളികൾ. ട്രാവല്‍സ് കമ്പനി ജീവനക്കാരനാണ് റിജേഷ്. ഖിസൈസ് ക്രെസന്റ് സ്‌കൂള്‍ അധ്യാപികയാണ് ജിഷി.
ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് തലാല്‍ സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൻ്റെ നാലാമത്തെ നിലയില്‍ തീപിടിത്തമുണ്ടായത്. തമിഴ്നാട് സ്വദേശികളായ അബ്ദുൽ ഖാദർ, സാലിയാക്കൂണ്ട് എന്നിവരും മരിച്ചവരിലുണ്ട്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. വിന്‍ഡോ എസി പൊട്ടിത്തെറിച്ചതാണ് അപകടം രൂക്ഷമാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൊട്ടടുത്ത മുറിയിലെ തീപിടിത്തത്തെ തുടര്‍ന്നുള്ള പുക റിജേഷിൻ്റെ മുറിയിലേക്ക് പടരുകയായിരുന്നു.
പുക ശ്വസിച്ചാണ് ഇവരുടെ മരണം. രക്ഷാപ്രവര്‍ത്തനം നടത്തിയ സുരക്ഷാ ജീവനക്കാരനും മരിച്ചതായാണ് വിവരം. അതേസമയം മരിച്ചവരുടെ മൃതദേഹങ്ങള്‍ ദുബായ് പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായും സാമൂഹ്യപ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു. പോലീസും സിവിൽ ഡിഫന്‍സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.